തിരുവനന്തപുരം: തമിഴ്താരം വിജയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തെത്തിയപ്പോൾ വമ്പൻ സ്വീകരണമാണ് ആരാധകരൊരുക്കിയത്. ദളപതി ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ആരാധകരുടെ ആവേശത്തിൽ വിജയ് സഞ്ചരിച്ച കാറിന്റെ ചില്ല് തകർന്നു. വാഹന വ്യൂഹം പുറത്തേക്കിറങ്ങിയപ്പോൾ ആരാധകർ ആവേശത്തോടെ ചാടി വീഴുകയായിരുന്നു.
ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു. ‘ഗോട്ട്’ ഒരു ടൈംട്രാവൽ ചിത്രമാണെന്നും സൂചനകളുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സ് ശ്രീലങ്കയിൽ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അവസാന നിമിഷമാണ് തിരുവനന്തപുരത്തേക്കു മാറ്റിയത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളാകും ലൊക്കേഷൻ.