ഇന്ത്യയുടെ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു: പ്രായപരിധി കഴിഞ്ഞതോടെ വിരമിക്കല്‍ പ്രഖ്യാപനം

ഗുവാഹാട്ടി: ഇന്ത്യൻ ബോക്സിം​ഗ് താരം മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനായിരുന്ന മേരികോം ഇന്ത്യക്കായി ഒളിമ്പിക്സിലും മെഡൽ നേടിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് ലവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് നാൽപത്തിയൊന്നുകാരിയായ മേരി കോം പറഞ്ഞു. പുരുഷ – വനിതാ ബോക്‌സർമാർ എലൈറ്റ് മത്സരങ്ങളിൽ 40 വയസ്സ് മാത്രമേ മത്സരിക്കാൻ പാടുള്ളൂ എന്നാണ് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമം.

ബോക്‌സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ‘‘ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്കു പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്തിയോടെയാണ് പടിയിറക്കം’’– വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു. ജീവിതത്തിൽ എല്ലാം നേടിയെന്നും അവർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.