രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ഇന്ന് മുതല്‍ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് നരേന്ദ്ര മോദി

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനായുള്ള പ്രധാനമന്ത്രിയുടെ ശബ്ദ സന്ദേശം പുറത്തിറക്കി. ഇന്ന് മുതല്‍ 11 ദിവസത്തെ വ്രതം അനുഷ്ടിക്കുമെന്ന് നരേന്ദ്ര മോദി. എല്ലാവരും ജനുവരി 22 നായി കാത്തിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ തനിക്ക് ആശിര്‍വാദം നല്‍കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തില്‍ സാക്ഷിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഒരു ഓഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളില്‍ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ”രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങള്‍ മാത്രം. പ്രതിഷ്ഠാ വേളയില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്. ഇത് മനസ്സില്‍ വെച്ചുകൊണ്ട് ഞാന്‍ ഇന്ന് മുതല്‍ 11 ദിവസത്തെ പ്രത്യേക ചടങ്ങ് ആരംഭിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

”ഞാന്‍ വികാരാധീനനാണ്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഇത്തരം വികാരങ്ങള്‍ അനുഭവിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ”ജീവിതത്തിലെ ചില നിമിഷങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണ്. ഇന്ന് നമുക്കെല്ലാവര്‍ക്കും ലോകമെമ്പാടുമുള്ള രാമഭക്തര്‍ക്കും ഇത് വളരെ പുണ്യമുള്ള അവസരമാണ്. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ട്.” അദ്ദേഹം പറഞ്ഞു.

അതിനിടെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ തങ്ങളുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ രാമവിരുദ്ധര്‍ എന്നാണ് ബിജെപി വിളിച്ചത്.

© 2024 Live Kerala News. All Rights Reserved.