“തങ്ങളാണ് യഥാർഥ രാമഭക്തർ”;നിലപാട് മയപ്പെടുത്തി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന സംശയങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ ‘ഹിന്ദുക്കളായ ഞങ്ങള്‍ അയോധ്യയില്‍ പോകുന്നതില്‍ എന്താണ് തെറ്റ്’ എന്ന വിവാദ പ്രസ്താവനയുമായി രംഗത്തെത്തുകയാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍. ഒരുപടി കൂടി കടന്ന് തങ്ങളാണ് യഥാര്‍ഥ രാമഭക്തര്‍ എന്ന പ്രസ്താവനയുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ദരാമയ്യയുള്‍പ്പെടെയുള്ള നേതാക്കള്‍ രാമക്ഷേത്രത്തില്‍ നിലപാട് മയപ്പെടുത്തിയതോടെയാണ് കൂടുതല്‍ നേതാക്കള്‍ സമാനനിലപാടുകളുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹൈന്ദവ വിരുദ്ധരാണെന്നും രാമക്ഷേത്രത്തിന് എതിരാണെന്നുമുള്ള ബിജെപി പ്രചാരണത്തിന്റെ മുനയൊടിക്കലാണ് കര്‍ണാടകയിലെ നേതാക്കളുടെ ഉദ്ദേശ്യം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തുണ്ടായ ബജ്രംഗ് ബാലി വിവാദം നേരിട്ടതിന് സമാനമായ രീതിയിലാണ് കോണ്‍ഗ്രസ് രാമക്ഷേത്ര വിഷയവും നേരിടുന്നത്. ഹനുമാനെ രാഷ്ട്രീയ ആയുധമാക്കിയുള്ള ബിജെപി പ്രചാരണം വോട്ടര്‍മാര്‍ ഏറ്റുപിടിച്ചില്ല എന്നതിനു തെളിവായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത പരാജയം. യഥാര്‍ഥ ഹനുമാന്‍ ഭക്തര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടും ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയുമായിരുന്നു ബിജെപിയുടെ തന്ത്രത്തെ അന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ ഇത്തരത്തില്‍ രാമക്ഷേത്ര വിഷയവും നേരിടുന്നത് കര്‍ണാടകയ്ക്കു പുറത്ത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കുമെന്നത് ഏറെ പ്രധനപ്പെട്ടതാണ്.

© 2024 Live Kerala News. All Rights Reserved.