ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു; കാഴ്ചപരിധി 50 മീറ്ററില്‍ താഴെ,ജാഗ്രതാനിര്‍ദേശം

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തണുപ്പിനും മൂടല്‍മഞ്ഞിനുമൊപ്പം ഡല്‍ഹിയില്‍ വായുമലിനീകരണവും രൂക്ഷമാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു. വരുംദിവസങ്ങളിലും ശൈത്യം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

നാലുദിവസത്തിലധികമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞില്‍ പല നഗരങ്ങളിലും കാഴ്ചപരിധി 50 മീറ്ററില്‍ താഴെയെത്തി. ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മു-കശ്മീര്‍, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ ജയ്പുര്‍, ലഖ്നൗ എന്നിവടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി. ഒട്ടേറെ തീവണ്ടികളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

വിനോദസഞ്ചാരികളോടും തീര്‍ഥാടകരോടും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പരിശോധിച്ച് ജാഗ്രത പാലിക്കാനും രാത്രിയാത്ര ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വായുഗുണനിലവാരസൂചിക മോശം അവസ്ഥയിലാണെന്നും ജനങ്ങള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.