രാജ്യ തലസ്ഥാനത്ത് വായു മലിനീകരണ തോത് ഉയരുന്നു! 40-ലധികം പുതിയ സർവീസുകൾ നടത്താനൊരുങ്ങി ഡൽഹി മെട്രോ

ന്യൂഡൽഹി:തലസ്ഥാന നഗരിയായ ഡൽഹിയിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി ഡൽഹി മെട്രോ. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നതലയോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് സർവീസുകളുടെ എണ്ണം കൂട്ടുക എന്ന തീരുമാനത്തിലേക്ക് ഡൽഹി മെട്രോ എത്തിയത്. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി 40-ലധികം പുതിയ സർവീസുകൾ ആരംഭിക്കാനാണ് ഡൽഹി മെട്രോയുടെ തീരുമാനം. ഇത് ഇന്ന് മുതൽ പ്രാബല്യത്തിലാകും.

തിങ്കൾ മുതൽ വെള്ളി വരെയുള്ള എല്ലാ ദിവസങ്ങളിലും അധിക സർവീസ് ഉണ്ടായിരിക്കുന്നതാണ്. മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നത് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ, വായു മലിനീകരണത്തിന്റെ തോത് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ ഡൽഹിയിലെ വായു മലിനീകരണ തോത് മോശം കാറ്റഗറിയിലാണ് ഉള്ളത്. ശൈത്യകാലം കൂടുതൽ ശക്തിപ്പെട്ടാൽ മലിനീകരണം വീണ്ടും രൂക്ഷമായിരിക്കും. അതിനാൽ, തുടക്കത്തിൽ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. മെട്രോകൾക്ക് പുറമേ, ബസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.