ഹമാസ് ആക്രമണത്തിന് തിരിച്ചടിച്ച് ഇസ്രായേല്‍, പലസ്തീനിലെ ഹമാസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം തുടങ്ങി

ടെല്‍ അവീവ്: പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രായേല്‍. പലസ്തീന്‍ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷന്‍ അയണ്‍ സ്വാര്‍ഡ്‌സ്’ പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം തുടങ്ങി.

ഓപ്പറേഷന്‍ ‘അല്‍ അഖ്‌സ ഫ്‌ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന വലിയ ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.

‘നമ്മള്‍ ഒരു യുദ്ധത്തിലാണ്, ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കും.. ശത്രുക്കള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും. വലിയ വില നല്‍കേണ്ടിവരും’- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.