സനാതന ധര്‍മ പരാമര്‍ശം; ലോക്‌സഭ തെരെഞ്ഞെടുപ്പോടെ ഇന്ത്യ മുന്നണി തകരുമെന്ന് കെ.അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് കെ.അണ്ണാമലൈ. ഉദയനിധിയുടെ സനാതന ധര്‍മ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യ മുന്നണിയുടെ വോട്ടുവിഹിതത്തില്‍ 5 ശതമാനം ഇടിവുണ്ടായെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം. ലോക്‌സഭ തെരെഞ്ഞെടുപ്പോടെ മുന്നണി തകരുമെന്നും അണ്ണാമലൈ പറഞ്ഞു.

അതേ സമയം, ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്. മമതയടക്കം നേതാക്കള്‍ ഉദയനിധിയെ തള്ളിയപ്പോള്‍, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാര്‍ട്ടി ഉയര്‍ത്തിയത്.

വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെയാണ് ഉദയനിധി സ്റ്റാലിനെ തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം രംഗത്തെത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തില്‍ മമതയുടെ പ്രതികരണം.

രാഷ്ട്രീയത്തില്‍ ഉദയനിധി ജൂനിയറായതിനാല്‍ ഇക്കാര്യങ്ങളില്‍ അറിവുണ്ടാകില്ല. ഏത് സാഹചര്യത്തിലാണ് സനാതന ധര്‍മവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധര്‍മ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.