കെ ഫോൺ: സംസ്ഥാന സർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എജി 

തിരുവനന്തപുരം: കെ-ഫോൺ പദ്ധതിനടത്തിപ്പിന് കരാറെടുത്ത ബെൽ കൺസോർഷ്യത്തിന് 109.38 കോടി രൂപ മുൻകൂറായി നൽകിയതിലൂടെ സംസ്ഥാനസർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. പലിശയിനത്തിൽ ലഭിക്കേണ്ട തുക നഷ്ടമായത് സംബന്ധിച്ച് കേരളാ ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട് എജി വിശദീകരണം തേടി. പലിശയിനത്തിൽ ലഭിക്കേണ്ട തുക ബെൽ കൺസോർഷ്യത്തിന്റെ ബില്ലിൽ കിഴിച്ചുവെന്നാണ് കെഎസ്ടിഐഎൽ അധികൃതരിൽ നിന്നുള്ള വിശദീകരണം. ഇക്കാര്യങ്ങൾ എജിക്ക് മറുപടിയായി നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

പദ്ധതിയുടെ നടത്തിപ്പിന് 1351 കോടി രൂപയുടെ കരാറാണ് ഉറപ്പിച്ചത്. ഇതിൽനിന്ന് പത്തുശതമാനം തുക മൊബിലൈസേഷൻ അഡ്വാൻസായി ബെൽ കൺസോർഷ്യത്തിന് നൽകി. 2013-ലെ സ്റ്റോർ പർച്ചേസ് മാന്വലനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശയുള്ള തുകയാണ്. പലിശ ഒഴിവാക്കിനൽകണമെങ്കിൽ, കരാർനൽകിയ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിന്റെ അനുമതിവേണമെന്നാെണ് സെൻട്രൽ വിജിലൻസ് കമ്മിഷന്റെ വ്യവസ്ഥ. കെ-ഫോണിന്റെ ടെൻഡറിലാകട്ടെ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറഞ്ഞിരുന്നുമില്ല.

© 2024 Live Kerala News. All Rights Reserved.