കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായത്: സ്പീക്കർ എ എൻ ഷംസീർ

കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. സ്കൂളുകളിലുള്ള അടിസ്ഥാന പശ്ചാത്തല വികസനം വലിയതോതിൽ മെച്ചപ്പെട്ടുവെന്നും പാറശ്ശാല മണ്ഡലത്തിലെ സൗഹൃദക്കൂട്ടായ്മയും വിദ്യാഭ്യാസ മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് എന്താണ് പഠിക്കേണ്ടതെന്നു തീരുമാനിക്കേണ്ടത് വിദ്യാർത്ഥികളാണെന്നും പഠിക്കാനുള്ള പശ്ചാത്തല സൗകര്യം സർക്കാർ ഒരുക്കുന്നുണ്ടെന്നും സ്പീക്കർ അറിയിച്ചു. നമ്മുടെ സമൂഹത്തിലെ ഓരോ മാറ്റത്തെക്കുറിച്ചും വിദ്യാഭ്യാസ സമൂഹം മനസ്സിലാക്കണം. ലഹരിക്കെതിരായ പ്രവർത്തനത്തിൽ രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

പാറശാല നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്രവിദ്യാഭ്യാസ സമന്വയപദ്ധതിയായ ‘സൂര്യകാന്തി’ യുടെ ഭാഗമായാണ് 2022 -23 അധ്യയന വർഷത്തിൽ പാറശാല നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരുടെയും ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയവരുടെയും മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും ഇക്കൊല്ലം സർവീസിൽ നിന്നും വിരമിച്ച അധ്യാപകരുടെയും സൗഹൃദക്കൂട്ടായ്മ സംഘടിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.