ഹരിയാന സംഘര്‍ഷം; നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു

ചണ്ഡീഗഡ്: സംഘര്‍ഷം തുടരുന്ന ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പുതിയ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര്‍പ്രദേശിലും ദില്ലിയിലും ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം പൊലീസ് ഏര്‍പ്പെടുത്തി.

അതേസമയം സംഘര്‍ഷത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് ഒരു വിഭാഗത്തെ പ്രകോപിതരാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയുള്ള വീഡിയോകള്‍ മറ്റൊരു വിഭാഗം പങ്കുവെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തെത്തിയിട്ടുണ്ട്. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നും സൂചനയുണ്ട്. ഒരു വിഭാഗം നടത്തിയ യാത്രയെ സംബന്ധിച്ചുള്ള വിശദവിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ 116 പേരെ റിമാന്റ് ചെയ്തു. 190 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ താല്‍ക്കാലിക നിരോധനവും നിരോധനാജ്ഞയും തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.