മലയാളത്തിന്റ താരരാജാവിനൊപ്പം തമിഴകത്തിന്റെ താരറാണിയെത്തുന്നു…

തമിഴകത്തിന്റെ താരറാണിയായ തൃഷ മലയാളത്തിലെത്തുന്നു. മമ്മൂട്ടിയുടെ നായികയായാണ് തൃഷയുടെ മലയാള അരങ്ങേറ്റം. പ്രണയകാലവും കേരള കഫേയിലെ ലഘുചിത്രമായ മൃത്യുഞ്ജയവും ഒരുക്കിയ ഉദയ് അനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് തൃഷയ്ക്ക്.

മലയാളത്തിൽ നിന്ന് മുൻപും നിരവധി ഓഫറുകൾ വന്നിരുന്നുവെങ്കിലും തിരക്കഥ ഇഷ്ടമാകാത്തതിനാലും ഡേറ്റ് പ്രോബ്‌ളം മൂലവും അവയൊന്നും തൃഷ ഏറ്റെടുത്തിരുന്നില്ല.

ഗാംങ്‌സ് ഒഫ് വസിപൂർ, ബദ്‌ലാപൂർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തമായ ബോളിവുഡ് താരം ഹുമാ ഖുറേഷിയെയാണ് വൈറ്റിലെ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും വൈറ്റിന്റെ ചിത്രീകരണ തീയതി മാറ്റിയതിനാൽ ഹുമാ ഖുറേഷിക്ക് ഈ ചിത്രവുമായി സഹകരിക്കാൻ കഴിയാതെ വരികയായിരുന്നു.

സവിശേഷതകൾ ഏറെയുള്ള ഒരു പ്രണയ കഥയാണ് വൈറ്റ് പറയുന്നത്. രാജ്യത്തെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇറോസ് ഇന്റർ നാഷണലാണ് വൈറ്റ് നിർമ്മിച്ച്  വിതരണം ചെയ്യുന്നത്.

ജിത്തു ജോസഫിന്റെ ദിലീപ് ചിത്രമായ ലൈഫ് ഒഫ് ജോസൂട്ടിയിലൂടെ  മലയാളത്തിലെത്തിയ  ഇറോസ് ഇവിടെ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. രാഹുൽ രാജാണ് വൈറ്റിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പരസ്യചിത്രരംഗത്ത്  പ്രശസ്തനായ ഗണേഷാണ് ഛായാഗ്രാഹകൻ.

സെപ്തംബർ 25 ന് ലണ്ടനിൽ ചിത്രീകരണം ആരംഭിക്കുന്ന വൈറ്റിന്റെ രണ്ട് ദിവസത്തെ ചിത്രീകരണം ഡൽഹിയിലും ബാംഗ്ലൂരിലും നടക്കും. രഞ്ജി പണിക്കർ, ഷംന കാസിം തുടങ്ങിയ ഒരു വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിങ്ങം ഒന്നിന്  ആരംഭിക്കുന്ന മമ്മൂട്ടിയുടെ എ.കെ. സാജൻ ചിത്രത്തിൽ നയൻതാരയാണ് നായിക. ഓണത്തിന് എത്തുന്ന ഉട്ടോപ്യയിലെ രാജാവിൽ ജുവൽ മേരിയും.

© 2024 Live Kerala News. All Rights Reserved.