കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡി കെ ശിവകുമാർ

ബംഗ്ലൂരു : കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ഡികെ എതിർക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്ന ചോദ്യം. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2018ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുത്.

അതേ സമയം, സിദ്ധരാമയ്യയും വിട്ടുകൊടുക്കാൻ തയ്യാറല്ല. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം നിന്നത് താൻ മൂലമെന്നാണ് സിദ്ധരാമയ്യയുടെ അവകാശവാദം. അനുനയ നീക്കങ്ങളുമായി ഹൈക്കമാൻഡ് ദില്ലിയിലുള്ള നേതാക്കളുമായി ചർച്ച തുടരും.

© 2024 Live Kerala News. All Rights Reserved.