അല്‍ അഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറി ഇസ്രയേല്‍ പൊലീസ്; വന്‍ സംഘര്‍ഷം

ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ഇരച്ചുകയറി ഇസ്രയേൽ പൊലീസ്. പ്രദേശത്ത് വൻ സംഘർഷം. പള്ളിയുടെ പ്രാർത്ഥന ഹാളിലാണ് ഇസ്രയേൽ സേന പ്രവേശിച്ചത്. കലാപമുണ്ടാക്കുന്നവരെ അമർച്ച ചെയ്യാനാണ് പൊലീസ് സംഘം എത്തിയത് എന്നാണ് ഇസ്രയേൽ വിശദീകരണം.

350ഓളം പലസ്തീൻകാരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട്. കല്ലുകളും പടക്കങ്ങളുമായി പ്രതിഷേധക്കാർ പൊലീസിനെ നേരിട്ടു. ആൾക്കൂട്ടത്തിന് നേരെ ഇസ്രയേൽ സേന ഗ്രനേഡുകളും ടിയർ ഗ്യാസും പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

12പേർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. അൽ അഖ്‌സ പള്ളിയിലേക്ക് കടക്കുന്നതിൽ നിന്ന് തങ്ങളുടെ മെഡിക്കൽ സംഘത്തെ ഇസ്രയേൽ സേന തടഞ്ഞെന്നും റെഡ് ക്രസന്റ് ആരോപിച്ചു.

മുഖംമൂടി ധരിച്ച പ്രക്ഷോഭകാരികൾ പൊലീസ് സേനയെ മസ്ജിദിനുള്ളിൽ തടഞ്ഞു വച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇസ്രയേൽ പൊലീസ് നൽകുന്ന വിശദീകരണം. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലും മാസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്. റംസാൻ മാസം ആരംഭിച്ചതിന് പിന്നാലെ, നിരവധി പലസ്തീൻകാർ അൽ അഖ്‌സ മസ്ജിദിലേക്ക് എത്തുന്നുണ്ട്. ഇതിനിടെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.