‘ഹിന്ദുഫോബിയ’ അം​ഗീകരിച്ച് ജോർജിയ അസംബ്ലി പ്രമേയം; അമേരിക്കയിൽ ആദ്യം

വാഷിങ്ടൺ: ഹിന്ദുഫോബിയ അം​ഗീകരിച്ച് അമേരിക്കയിലെ ജോർജിയ അസംബ്ലി പ്രമേയം പാസാക്കി. ഹിന്ദുഫോബിയയെ അപലപിക്കുന്നതായി പ്രമേയത്തിൽ പറഞ്ഞു. ഹിന്ദുഫോബിയ അം​ഗീകരിക്കുകയും നിയമനിർമ്മാണ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമാണ് ജോർജിയ. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനെയും അപലപിച്ചുകൊണ്ടാണ് അംസബ്ലി പ്രമേയം പാസാക്കിയത്. 100ലധികം രാജ്യങ്ങളിലായി 120 കോടിയിലധികം അനുയായികളുള്ള ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ മതങ്ങളിലൊന്നാണ് ഹിന്ദുമതമെന്നും പരസ്പര ബഹുമാനം, സമാധാനം എന്നീ മൂല്യങ്ങളിലധിഷ്ടിതവും വൈവിധ്യമായ പാരമ്പര്യങ്ങളുടെയും വിശ്വാസ സമ്പ്രദായങ്ങളുടെയും കൂടിച്ചേരലാണെന്നും പ്രമേയം പറഞ്ഞു. ജോർജിയയിലെ ഏറ്റവും വലിയ ഹിന്ദു, ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റികളിൽ ഒന്നായ അറ്റ്ലാന്റയിലെ ഫോർസിത്ത് കൗണ്ടിയിലെ പ്രതിനിധികളായ ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസുമാണ് പ്രമേയം അവതരിപ്പിച്ചത്.

മെഡിസിൻ, സയൻസ്, എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, അക്കാദമിക്, മാനുഫാക്ചറിംഗ്, ഊർജം, റീട്ടെയിൽ വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ അമേരിക്കൻ-ഹിന്ദു സമൂഹം വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് പ്രമേയത്തിൽ പറഞ്ഞു. യോഗ, ആയുർവേദം, ധ്യാനം, ഭക്ഷണം, സംഗീതം, കലകൾ എന്നിവയുടെ സംഭാവനകൾ സാംസ്കാരിക രം​ഗത്തെ സമ്പന്നമാക്കുകയും അമേരിക്കൻ സമൂഹത്തിൽ വ്യാപകമായി സ്വീകരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുകയും ചെയ്തെന്നും പ്രമേയം പറയുന്നു.

എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അമേരിക്കൻ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദുമതത്തെ തകർക്കുന്നതിനെ പിന്തുണയ്ക്കുകയും മതഗ്രന്ഥങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അക്കാദമിക രംഗത്തെ ചിലർ ഹിന്ദുഫോബിയ വർധിപ്പിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുകയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. മാർച്ച് 22 ന് ജോർജിയ സ്‌റ്റേറ്റ് ക്യാപിറ്റോളിൽ നടന്ന ആദ്യത്തെ ഹിന്ദു അഡ്വക്കസി ഡേ സംഘടിപ്പിച്ച കോളിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (CoHNA) അറ്റ്‌ലാന്റ ചാപ്റ്ററാണ് പ്രമേയം അവതരിപ്പിക്കുന്നത് നേതൃത്വം നൽകിയത്. റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും അടക്കം 25 ഓളം നിയമനിർമ്മാതാക്കൾ പ്രമേയത്തെ പിന്താങ്ങി. പ്രമേയം പാസാക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്ന് CoHNA വൈസ് പ്രസിഡന്റ് രാജീവ് മേനോൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.