ചില്ലറ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്‍റെ ഡിജിറ്റല്‍ രൂപ ഇന്ന് പുറത്തിറക്കും

ചില്ലറ ഇടപാടുകള്‍ക്കുള്ള റിസര്‍വ് ബാങ്കിന്‍റെ ഡിജിറ്റല്‍ രൂപ ഇന്ന് പുറത്തിറക്കും. രണ്ട് ഘട്ടമായി 13 നഗരങ്ങളിലാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ നാല് നഗരങ്ങളിലും കൊച്ചി ഉള്‍പ്പെടെ 9 നഗരങ്ങളില്‍ രണ്ടാം ഘട്ടത്തിലും പദ്ധതി നടപ്പാക്കും.

തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കുള്ളിലാണ് ആദ്യ ഘട്ടത്തില്‍ ഇടപാടുകള്‍ നടക്കുക. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ രൂപ ലഭിക്കുക. ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കും രൂപ. നിലവില്‍ ആര്‍.ബി.ഐ പുറത്തിറക്കുന്ന നോട്ടുകള്‍, നാണയങ്ങള്‍ എന്നിവയുടെ അതേ മൂല്യത്തിലാകും ഡിജിറ്റല്‍ രൂപ ലഭിക്കുക. ഇത് വഴി ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി, ഫസ്റ്റ് ബാങ്ക് എന്നിവര്‍ക്കാണ് വിതരണ ചുമതല. ഈ ബാങ്കുകള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ അവതരിപ്പിക്കും. ഇതുവഴി ഡിജിറ്റല്‍ രൂപ മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ഉപകരണങ്ങളിലോ സൂക്ഷിക്കാം.

ഡിജിറ്റല്‍ രൂപ ആദ്യ ഘട്ടത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ രൂപ പൂര്‍ണമായും നടപ്പാക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ കണ്ടെത്താനാണ് നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്ക് മാത്രം നല്‍കുന്നത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഹോള്‍സെയില്‍ ഡിജിറ്റല്‍ രൂപ നേരത്തെ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.