ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി

കൊച്ചി: ലൈംഗിക പീഡന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി.

ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്ബാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്.

അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്കു മുന്നില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജ്യാമ്യാപേക്ഷ നല്‍കുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതിയുടെ നടപടിക്കെതിരെ പരാതിക്കാരിയും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ആണ് നടപടി.

ഈ വര്‍ഷം ഏപ്രില്‍ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്‌. സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തില്‍ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജാമ്യ ഉത്തരവില്‍ നിന്ന് പിന്നീട് ഹൈക്കോടതി ഒഴിവാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.