ഉദ്ദവ് താക്കറെയെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് : മഹാരാഷ്ട്രയിൽ മാര്‍ച്ച് എന്‍സിപി സ്വാഗതം ചെയ്യും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായി ഉദ്ദവ് താക്കറെയ്ക്ക് ക്ഷണം. മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതലയുള്ള എച്ച് കെ പട്ടീല്‍, മുതിര്‍ നേതാവ് അശോക് ചവാന്‍, ബാലാസഹേബ് തോറോത്ത് എന്നിവര്‍ ഉദ്ദവ് താക്കറെയുടെ വസതിയിലെത്തിയാണ് മാര്‍ച്ചിലേക്ക് ക്ഷണിച്ചത്.

ഭാരത് ജോഡോ യാത്ര മാര്‍ച്ച് 6 നാണ് മഹാരാഷ്ട്രയിലേക്ക് കടക്കുന്നത്. ആ ഘട്ടത്തില്‍ യാത്രയില്‍ അണിചേരാനാണ് ക്ഷണം.എന്‍സിപി നേതാവ് ശരദ് പവാറും മകള്‍ സുപ്രിയ സുലേ എംപിയും മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം 1000 കിലോ മീറ്റര്‍ പിന്നിട്ട ഭാരത് ജോഡോ യാത്ര ഇപ്പോള്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ എത്തിയിരിക്കുകയാണ്. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യാത്ര ഉണ്ടായിരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സെപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര 3500 കിലോ മീറ്റര്‍ പിന്നിട്ടാണ് ജമ്മു കശ്മീരില്‍ അവസാനിക്കുക.

© 2024 Live Kerala News. All Rights Reserved.