വാഷിങ്ടണ്‍ | അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചുവെന്നതില്‍ സ്ഥിരീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് കൃത്യം നടത്തിയതെന്നും ബൈഡന്‍ വ്യക്തമാക്കി. കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് സവാഹിരിയെ വധിചച്‌തെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. 2011 ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ തലവനാകുന്നത്. 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബിന്‍ ലാദനും സവാഹിരിയും ചേര്‍ന്നായിരുന്നു. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചുെവന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.