ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന ആവശ്യവുമായി പേരമകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം സിഐഎ ആസൂത്രണം ചെയ്ത കൊലപാതകമെന്ന് വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ക്രോലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഗ്രിഗറി ഡഗ്ലസ് ക്രോലിയുമായി നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയ കോണ്‍വര്‍സേഷന്‍ വിത്ത ദി ക്രോ (Conversation with the Crow) എന്ന പുസ്തകത്തിലാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ഹോമി ജെ. ഭാഭയുടേയും മരണങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്.

ക്രോലിയുടെ കുറ്റസമ്മതം പുറത്തുവന്നതോടെ ശാസ്ത്രിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പേരമകള്‍ മന്ദിര ശാസ്ത്രി രംഗത്തെത്തി. ഡഗ്ലസ് ക്രോലിയുടെ കുറ്റസമ്മതം സര്‍ക്കാര്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് തന്റെ ട്വീറ്റില്‍ മന്ദിര ശാസ്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. കോണ്‍വര്‍സേഷന്‍ നമ്പര്‍ 22 എന്ന അധ്യായത്തിലാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ഇന്ത്യന്‍ ആണവശാസ്ത്രത്തിന്റെ പിതാവ് ഹോമി ജെ. ഭാഭയുടെയും മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഐഎ ആണെന്ന് ക്രോലി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

സിഐഎയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷന്റെ രണ്ടാമനായിന്നു റോബര്‍ട്ട് ക്രോലി. 1966 ജനുവരി 11നാണ് താഷ്‌ക്കന്റില്‍ വച്ചാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചത്. പാക്കിസ്ഥാനുമായി സമാധാന ഉടമ്പടി ഒപ്പുവച്ച് മണിക്കൂറുകള്‍ക്കമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടതെന്നാണ് ഔദ്യോഗിക വിവരം. ശാസ്ത്രിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേരത്തേ തന്നെ ബന്ധുക്കള്‍ രംഗത്തെത്തിയരുന്നു.

© 2024 Live Kerala News. All Rights Reserved.