ഇവിടെവെച്ച് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടരുതേ… എല്ലാം ഞങ്ങൾ കാണുന്നുണ്ട്; സന്ദർശകർക്ക് മുന്നറിയിപ്പുമായി ഒരു സൈനിക മ്യൂസിയം

ഇവിടെയുള്ള ഒഴിഞ്ഞ കോണുകൾ നിങ്ങൾ ലൈംഗിക ബന്ധത്തിനായി തെരഞ്ഞെടുക്കരുത് എന്ന മുന്നറിയിപ്പുമായി സൈനിക മ്യൂസിയം. പോളണ്ടിലെ ഫോർഡ് ഗെർഹാർഡ് മിലിട്ടറി മ്യൂസിയമാണ് ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ സന്ദർശകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെയെത്തുന്ന സന്ദർശകരിൽ പലരും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മ്യൂസിയത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞതോടെയാണ് അധികൃതർ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Świnoujście -ൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിന്റെ മാനേജ്‌മെന്റ് അവരുടെ ഫേസ്ബുക്ക് പേജിലാണ് ആളുകളോട് ഈ വിചിത്രമായ അഭ്യർത്ഥന നടത്തിയത്. മ്യൂസിയം പരിസരത്ത് ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ സിസിടിവി ഫോട്ടോകൾ പങ്കിട്ടുകൊണ്ടാണ് അവർ അഭ്യർത്ഥന നടത്തിയത്. മ്യൂസിയത്തിന്റെ പരിസരത്ത് ഇത്തരം സംഭവങ്ങൾ സ്ഥിരമായി അരങ്ങേറുന്നതായി മനസ്സിലാക്കിയ മാനേജ്‌മെന്റ് പുതിയതായി സ്ഥാപിച്ചതാണ് ഈ സിസിടിവി സംവിധാനം. “മ്യൂസിയത്തിൽ സ്നേഹത്തിന്റെ കല വേണ്ടായെന്ന് ദയവായി അതിഥികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു” മ്യൂസിയം അവരുടെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.

“മ്യൂസിയത്തിൽ വരുന്ന കമിതാക്കളായ ഞങ്ങളുടെ അതിഥികളോട് സാഹചര്യം ഒന്ന് മനസ്സിലാക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങളുടെ മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ ഭൂരിഭാഗവും വർഷങ്ങളുടെ പഴക്കമുള്ളതും തികച്ചും വ്യത്യസ്തമായ ധാർമ്മിക മാനദണ്ഡങ്ങൾ പാലിക്കുന്നവയുമാണ്. തീർത്തും യാഥാസ്ഥിതികമാണ് അവ. അവയെ അസ്വസ്ഥരാക്കരുത്. മ്യൂസിയത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ട് കുറച്ചുകാലമായി. അതിലെ എല്ലാ ഫൂട്ടേജുകളും ഞങ്ങൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകില്ല എന്നും ഞങ്ങൾക്കറിയാം” അവർ എഴുതി.

മ്യൂസിയത്തിനകത്തും, ചിലപ്പോൾ പുരാവസ്തുക്കൾക്ക് മുന്നിൽ വച്ചും ലൈംഗികതയിൽ മുഴുകുന്ന ഒന്നിലധികം സന്ദർഭങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. “അതുല്യമായ ഈ പ്രദർശന വസ്തുക്കളും യൂണിഫോം ധരിച്ച സേവനവും നിങ്ങളെ ആവേശം കൊള്ളിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു” അവർ പരിഹസിച്ചു. “മ്യൂസിയത്തിലെ സന്ദർശകർ വ്യത്യസ്ത സ്വഭാവമുള്ള ആളുകളാണ്. അവരിൽ ചിലർ വളരെ യാഥാസ്ഥിതികരാണ്. അവരുടെ മുന്നിൽ വച്ച് ആളുകൾ ഇത്തരം പ്രേമലീലകളിൽ ഏർപ്പെടുന്നത് അവരിൽ ചിലപ്പോൾ ഞെട്ടലുണ്ടാക്കാം. ഇത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല” ഫോർട്ട് ഗെർഹാർഡ മ്യൂസിയം ഡയറക്ടർ പിയോറ്റർ പിവോവാർസിക് ഗസറ്റ വൈബോർസ പത്രത്തോട് പറഞ്ഞു.

ഈ കെട്ടിടത്തിന്റെ ഇരുണ്ട കോണുകളാണ് ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തെരഞ്ഞെടുക്കുന്നത്. അവിടെ വച്ചാകുമ്പോൾ തങ്ങളെ ആർക്കും കാണാൻ കഴിയില്ലെന്ന് കമിതാക്കൾ കരുതുന്നു. എന്നാൽ, എല്ലാ കോണുകളും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്നത് അവർ ചിന്തിക്കുന്നില്ലെന്നും മ്യൂസിയം അധികൃതർ വിശദീകരിച്ചു. അതേസമയത്ത്, ക്യാമറയിൽ പതിഞ്ഞ ദമ്പതികളുടെ ദൃശ്യങ്ങൾ റെക്കോർഡുകളായി സൂക്ഷിക്കാറില്ലെന്ന് അവർ വ്യക്തമാക്കി. സുരക്ഷാ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും, എല്ലാ ദൃശ്യങ്ങളും അപ്പോൾ തന്നെ ഡിലീറ്റ് ചെയ്ത് കളയുകയാണ് പതിവെന്നും മാനേജ്‌മെന്റ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.