15 വര്‍ഷത്തെ അഭിനയ ജീവിതത്തിന് വിട..? അസിന്‍ ഇനി രാഹൂലിന് സ്വന്തം..

മലയാളത്തിൽ നിന്ന് ബോളിവുഡിലെത്തിയ നടി അസിൻ തോട്ടുങ്കൽ വിവാഹിതയാവുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൊബൈൽ കന്പനിയായ മൈക്രോമാക്സിന്റെ സഹസ്ഥാപകനും മുപ്പത്തിയാറു കാരനുമായ രാഹുൽ ശർമയാണ് അസിന്റെ മനസ് കീഴടക്കിയത്. 2008ൽ അമീർ ഖാൻ നായകനായ ഗജിനി എന്ന സിനിമയിലൂടെ ഹിന്ദിയിൽ അരങ്ങേറിയ അസിന്റെ ജീവിതവും ഈ സിനിമാക്കഥ പോലെയാണ്.

വടക്കേ ഇന്ത്യയിലെ ബിസിനസുകാരനുമായി അസിൻ അടുപ്പത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്. എന്നാൽ, ഇതേക്കുറിച്ച് അസിനും സുഹൃത്തുക്കളുമൊക്കെ മൗനം പാലിക്കുകയായിരുന്നു.

വിവാഹത്തിന് രാഹുൽ നേരത്തെ തന്നെ തയ്യാറായിരുന്നെങ്കിലും അൽപം കൂടി കഴിയട്ടെ എന്ന നിലപാടായിരുന്നു അസിന്റേത്. താൻ കരാറൊപ്പിട്ട സിനിമകളെല്ലാം പൂർത്തിയാക്കിയ ശേഷം മതി വിവാഹം എന്ന് അസിൻ രാഹുലിനോട് പറയുകയും ചെയ്തു. രാഹുൽ അത് പൂർണ മനസോടെ അംഗീകരിക്കുകയും ചെയ്തു. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്പോൾ ജോലി സംബന്ധമായ എല്ലാ തിരക്കകളും തീർക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് കഴിഞ്ഞ രണ്ടു വർഷമായി ഞാൻ സിനിമകളൊന്നും ഒപ്പിടാതിരുന്നത്- വിവാഹ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് അസിൻ പറഞ്ഞു.

അതേസമയം, വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അസിൻ തയ്യാറായില്ല. ഉടൻ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അസിൻ കൂട്ടിച്ചേർത്തു.

2001ൽ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെയാണ് അസിൻ മലയാളത്തിലെത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു. 2012ൽ ഇറങ്ങിയ ഖിലാ‌ഡി 786 എന്ന സിനിമയിലാണ് അസിൻ അവസാനം അഭിനയിച്ചത്. ഉമേഷ് ശുക്ള സംവിധാനം ചെയ്ത് അഭിഷേക് ബച്ചൻ നായകനാവുന്ന ഓൾ ഈസ് വെൽ എന്ന സിനിമയാണ് ഇനി അസിന്റേതായി ഇറങ്ങാനുള്ളത്. ആഗസ്റ്റ് 21നാണ് റിലീസ്.

© 2024 Live Kerala News. All Rights Reserved.