പാലക്കാട്: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കോടികൾ തട്ടിയതിന് കേസ്. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നുള്ള പരാതിയിലാണ് താരദമ്പതികൾക്കെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു.
ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു.