‘ #No2Hijab’ വസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇറാനിൽ സ്ത്രീകളുടെ പ്രതിഷേധം

ടെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധവുമായി യുവതികൾ രംഗത്ത്. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങൾ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ഹിജാബ് നിർബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി കാണിക്കാൻ പാടില്ലെന്നുമുള്ള കർശന നിയമങ്ങളെ വെല്ലുവിളിച്ചാണ് യുവതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രതിഷേധവുമായി എത്തിയത്.

ജൂലൈ 12 “ഹിജാബ് ആൻഡ് ചാസ്റ്റിറ്റി ഡേ” ആയി ഇറാൻ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന നിയമങ്ങൾക്ക് അനുസൃതമായി പരിപാടികൾ നടത്തുക എന്നതാണ് ചാസ്റ്റിറ്റി ഡേ എന്നത്കൊണ്ട് അധികാരികൾ ലക്ഷ്യമിട്ടത്.സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഹിജാബ് ഡേ ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ സ്ത്രീകൾ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഹിജാബ് നീക്കി പ്രതിഷേധിച്ച സ്ത്രീകൾക്ക് പിന്തുയുമായി നിരവധി പുരുഷൻമാരും രംഗത്തെത്തി.

സ്ത്രീകളുടെ അവകാശങ്ങൾ ഇറാനിൽ കർശനമായി നിയന്ത്രിച്ചിരിന്നു. എല്ലാ സ്ത്രീകളും പൊതു സ്ഥലത്ത് ശിരോവസ്ത്രം ധരിക്കണമെന്നത് നിർബന്ധമാണ് . ഹിജാബ് ധരിക്കാത്തവരോ അല്ലെങ്കിൽ ഹിജാബ് ധരിച്ച് കുറച്ച് മുടി പ്രദർശിപ്പിക്കുന്നവരോ നിയമവിധേയമായി ശിക്ഷിക്കപ്പെടും. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് പിഴ മുതൽ തടവ് ശിക്ഷവരെ ലഭിച്ചേക്കാം.

“സദാചാര പോലീസ്” എന്നാണ് അധികാരികളെ പ്രതിഷേധവുമായി എത്തിയ സ്ത്രീകൾ സംബോധന ചെയ്തത്. സദാചാര പോലീസുകാർ സ്ത്രീകളെ അടിച്ചമർത്തി അറസ്റ്റു ചെയ്യുകയാണ്. ബാങ്കുകളിലും, പൊതു ഗതാഗത സർവ്വീസുകളിലും മറ്റ് സർക്കാർ ഓഫിസുകളിലും ജോലി ചെയ്യുന്ന സ്ത്രീകളോട് നിർബന്ധമായും ഹിജാബ് ധരിച്ച് എത്തണമെന്ന് അധികാരികൾ നിർദ്ദേശം നൽകിയിരുന്നു. ചില ഇറാനിയൻ നഗരങ്ങളിലെ ആശുപത്രികളിലും സർവ്വകലാശാലകളും സ്ത്രീകൾ തല മറയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ “സദാചാര പോലീസ്” നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നുവെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിലെ അലൻ ഹൊഗാർത്ത് പറഞ്ഞു. വസ്ത്ര സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന സ്ത്രീകളെ പീഡിപ്പിക്കുന്ന ചരിത്രമാണ് ഇറാനുള്ളത്. സ്വന്തം അവകാശം വിനിയോഗിക്കുന്ന സ്ത്രീകളെ ഭയാനകമായി പീഡിപ്പിക്കുന്ന റെക്കോർഡാണ് ഇറാനുള്ളതെന്നും അലൻ ഹൊഗാർത്ത് പറഞ്ഞു .

© 2024 Live Kerala News. All Rights Reserved.