റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താൻ ഒരു പെൺകുട്ടിക്ക് ജന്മം നൽകാൻ ഒരുങ്ങുകയാണെന്ന് മുൻ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന കബയവെ (39) പ്രഖ്യാപിച്ചതായി ജനറൽ എസ് വി ആർ എന്ന ടെലിഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തു. അലീനയിൽ പുടിന് രണ്ട് ആൺമക്കളുണ്ട്. മുൻഭാര്യയിൽ രണ്ട് പെൺമക്കളുമുണ്ട്.
റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ ഏജന്റ് നടത്തുന്നതായി പറയപ്പെടുന്ന ടെലിഗ്രാം ചാനലാണ് ജനറൽ എസ് വി ആർ. അലീന ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയെന്നും, പെൺകുട്ടിയാണെന്ന് പരിശോധനയിൽ തെളിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അലീന വീണ്ടും ഗർഭിണിയായതിൽ പുടിൻ അസ്വസ്ഥനാണെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നു.
30 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2013ലാണ് ആദ്യ ഭാര്യ ല്യൂഡ്മില അലക്‌സാന്ദ്രേവ്‌ന ഒച്ചരത്‌നയെ വിവാഹമോചനം ചെയ്തത്. രണ്ട് ഒളിമ്പിക് മെഡലുകളും 14 ലോകചാമ്പ്യൻഷിപ്പുകളും 21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2008ലാണ് ആദ്യമായി വാർത്തകൾ പുറത്ത് വരുന്നത്.