കോഴിക്കോട്: മോഡലും നടിയുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഷഹനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷഹനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.
മെയ് 13ന് ആണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക ക്വാർട്ടേഴ്സിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധൻ ഉൾപ്പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ ലഹരി വിൽപന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങൾ ചുമത്തി ചേവായൂർ പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്‍റെ വീട്ടുകാർ മർദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്‍റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എ സി പി സുദർശന് കൈമാറും.
കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. കയറ് ഉപയോഗിച്ച് തന്നെയാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് നിഗമനം. നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.