മലപ്പുറം: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറന്നതായി റിപ്പോർട്ട്. കെ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. അദ്ദേഹം പ്രതികരിക്കുന്നതായും സഹോദരൻ അറിയിച്ചതായി സുരേന്ദ്രൻ പങ്കുവെക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
‘ശങ്കു. ടി. ദാസ് കണ്ണു തുറന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും സഹോദരൻ ഭാസ്കർ വിളിച്ചുപറഞ്ഞ ശുഭവാർത്ത പങ്കുവെക്കുകയാണ്. പ്രാർത്ഥനകൾ തുടരുക.’
ജൂൺ 23ന് രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു. ടി. ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.
ബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു. ടി. ദാസ് ആണ്.