ബോചെ ഗോള്‍ഡ് ലോണിന്റെ 158 – മത് ബ്രാഞ്ച് യെലഹങ്കയില്‍
ഭുവനേശ്വർ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ അധിപയാകുമെന്ന് ഉറപ്പായിട്ടും ജീവിതരീതികളിൽ മാറ്റമില്ലാതെ ദ്രൗപതി മുർമു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചതിന് ശേഷവും ദിനചര്യകളിലൊന്നും ദ്രൗപതി മാറ്റം വരുത്തിയില്ല. പതിവ് പോലെ ക്ഷേത്ര ദർശനത്തിനെത്തിയ ദ്രൗപതി മുർമു പതിവ് രീതികൾ മാറ്റാൻ തയ്യാറായിട്ടില്ല. പൂർണ്ണന്ദേശ്വര് ശിവക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിന് മുമ്പ് മുർമു ചൂലെടുത്തു ക്ഷേത്ര പരിസരം വൃത്തിയാക്കി. ക്ഷേത്രത്തിന്റെ മുറ്റം വൃത്തിയാക്കുന്ന ദ്രൗപതി മുർമുവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റായങ്പൂർ ടൗൺഷിപ്പിലാണ് ഈ ക്ഷേത്രം.
സന്താൾ ഗോത്രവർഗ നേതാവായ മുർമു ഇന്ന് വീട്ടിന് അടുത്തുള്ള മൂന്നോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു.റൈരംഗ്പൂർ പ്രജാപിത ബ്രഹ്മ കുമാരി ഈശ്വരീയ വിശ്വ വിദ്യാലയം സന്ദർശിച്ച മുർമു അവിടെയും പ്രാർത്ഥന നടത്തി. ഒഡീഷയിലെ സ്ത്രീകൾ അവരുടെ വീടുകൾക്കും ക്ഷേത്രങ്ങൾക്കും മുന്നിലെ തെരുവുകൾ തൂത്തുവാരുന്നത് വളരെ സാധാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമീർ മൊഹന്തി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാർത്ഥി വരുന്നത്. ജൂലായ് 18നാണ് പുതിയ രാഷ്ട്രപതിക്കായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒഡീഷയിലെ സന്താൾ ആദിവാസി സമൂഹത്തിൽ നിന്ന് ഉയർന്നു വന്ന പ്രമുഖ വനിതാ നേതാവാണ് ദ്രൗപതി മുർമു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മുൻതൂക്കമുള്ളതിനാൽ രാജ്യത്ത് ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു രാഷ്ട്രപതിയെ ലഭിക്കാൻ ഇതോടെ വഴിയൊരുങ്ങി.റൈരംഗ്പൂർ നഗർ പഞ്ചായത്തിൽ കൗൺസിലറായിട്ടാണ് മുർമു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2000ൽ ഒഡീഷ സർക്കാരിൽ മന്ത്രിയായി. ബി ജെ പി ബന്ധം വിച്ഛേദിച്ച ശേഷം 2009ൽ മുഖ്യമന്ത്രി നവീൻ പട്നായിക്ക് തൂത്തുവാരിയ സംസ്ഥാന തിരഞ്ഞെടുപ്പിലും റൈരംഗ്പൂരിൽ മുർമുവിനെ ജനം കൈവിട്ടില്ല. 2015ൽ ജാർഖണ്ഡ് ഗവർണറായതോടെ സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണർ എന്ന ബഹുമതിയും ദ്രൗപതി മുർമുവിന് സ്വന്തമാക്കി.