കത്തോലിക്കാ സഭയിൽ നടന്ന ലൈം​ഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി; ഇരകളായത് പതിനായിരങ്ങൾ; ഇതുവരെ പരാതി നൽകിയത് 610 പേർ

മ്യൂണിക്ക്: ജർമ്മനിയിലെ കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ നടത്തിയ ലൈം​ഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. മ്യുൻസ്റ്റർ സർവകലാശാല പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് പുരോഹിതന്മാർ കുറഞ്ഞത് അറുന്നിലേറെ യുവതിയുവാക്കളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. ഇതുവരെ പരാതി നൽകിയത് 610 പേരാണെന്നും യഥാ‌ർത്ഥ ഇരകളുടെ എണ്ണം ഇതിന്റെ പത്തിരട്ടിയിലേറെയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ജർമനിയിലെ കത്തോലിക്ക രൂപതയായ മ്യുൻസ്റ്ററിലെ പുരോഹിതന്മാർക്കെതിരായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

2018ലും സമാനമായ ഒരു പഠനം സർവകലാശാല നടത്തിയിരുന്നതായും എന്നാൽ അന്ന് നടത്തിയ പഠനത്തെക്കാളും ഇരകളുടെ എണ്ണം മൂന്നിലൊന്നായി വർദ്ധിച്ചതായും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പഠനത്തിൽ പങ്കെടുത്ത ചരിത്രകാരി നതാലി പൗറോസ്നിക് അഭിപ്രായത്തിൽ ഏകദേശം 5,000 മുതൽ 6,000 വരെ പെൺകുട്ടികളും ആൺകുട്ടികളും പുരോഹിതന്മാരുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായിട്ടുണ്ട്. സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച് സഭയുടെ അധികാരസ്ഥാനങ്ങളിലുള്ള 196 വ്യക്തികൾ ഇതുവരെയായും 5700 ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 183 പേരും വൈദികന്മാരാണ്.

ഇതിൽ തന്നെ അഞ്ച് ശതമാനം വൈദികന്മാരും തുടർച്ചയായി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണെന്നും കുറഞ്ഞത് പത്തോളം യുവതീയുവാക്കളെങ്കിലും ഇവരിൽ ഓരോരുത്തരുടെയും പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർ മാത്രമാണ് നിയമനടപടികൾക്ക് വിധേയരായിട്ടുള്ളതെന്ന ഞെട്ടിക്കുന്ന വിവരവും പഠന റിപ്പോർട്ടിലുണ്ട്.

പീഡനങ്ങൾ തോത് ഏറ്റവും ഉയർന്നിരുന്നത് 1960-70 കാലഘട്ടത്തിലായിരുന്നെന്നും ആ അവസരത്തിൽ മ്യുൻസ്റ്റർ രൂപതയിൽ ആഴ്ചയിൽ ശരാശരി രണ്ട് പീഡനകേസുകൾ വീതം ഉടലെടുത്തിരുന്നെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പുരോഹിതന്മാരുടെ പീഡനങ്ങൾക്ക് ഇരയായവരിൽ നാലിൽ മൂന്നും ആൺകുട്ടികളായിരുന്നെന്നും ഇവരിൽ ഭൂരിഭാഗവും പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ളവരായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അൾത്താര ബാലന്മാരാണ് ഇത്തരത്തിൽ പീഡനത്തിന് ഇരയായവരിൽ ബഹുഭൂരിപക്ഷവും. ഇതിൽ 27 ശതമാനത്തോളം കുട്ടികൾ ആത്മഹത്യക്ക് ശ്രമിക്കുകയോ പ്രായപൂർത്തിയായ ശേഷവും വിഷാദ രോഗം മുതലായ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.