ന്യൂദല്‍ഹി: ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈന്‍ അമിര്‍ അബ്ദുള്ളഹിയാന്‍. അതിര്‍ത്തി സുരക്ഷ, പ്രതിരോധം, വാണിജ്യ വ്യാപാര മേഖലയിലും ഇറാന്‍ ഇന്ത്യയെ സാഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഡോ. ഹൊസൈന്‍ ഇന്ത്യയിലെത്തിയത്.
ഇസ്ലാംമതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സുവ്യക്തമായ നയം അറിയിച്ചിട്ടുണ്ട്. ഇസ്ലാമിക മതത്തിനേയും പ്രവാചക വിശ്വാസത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നത് ഏറെ സന്തോഷത്തോടെ കാണുന്നുവെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന പാകിസ്താന്‍, താലിബാന്‍ ഭരണകൂട പിന്തുണയുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യന്‍ നയത്തിന് ഇറാന്‍ പൂര്‍ണ്ണമായ പിന്തുണ അറിയിച്ചു. ഇന്ത്യക്കെതിരെ ഇസ്ലാമിക മതമൗലികവാദികളുടെ ആഗോളതലത്തിലെ ഇടപെടലുകള്‍ നേതാക്കള്‍ ബോധ്യപ്പെടുത്തി. രാജ്യങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കുന്നതിന്റെ ഗൗരവം അജിത് ഡോവല്‍ ഹൊസൈനെ ധരിപ്പിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിലെ മതമൗലികവാദവും ഭീകരതയും ചര്‍ച്ചയായി.
ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ നിര്‍ണ്ണായകമായ ഛബഹാര്‍ തുറമുഖവുമായി പ്രതിരോധ വകുപ്പുകളുടെ ബന്ധം അജിത് ഡോവല്‍ ചര്‍ച്ച ചെയ്തു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തില്‍ പ്രതിരോധ വകുപ്പുകളുടെ ആവശ്യത്തിന് മുന്‍ഗണന ലഭിക്കാന്‍ പാകത്തിനുള്ള നിര്‍ദ്ദേശങ്ങളും അജിത് ഡോവല്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ ധരിപ്പിച്ചു.
റഷ്യ-ഉക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട് വാണിജ്യ-ഇന്ധന മേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കാന്‍ ഇന്ത്യ-ഇറാന്‍ സംയുക്ത പദ്ധതി തുടരണമെന്നും ഇറാന്റെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥയും ചര്‍ച്ചയായി. നേരത്തെ ഇറാന്‍, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, റഷ്യ, ബ്രിട്ടനും തമ്മില്‍ ഒപ്പുവച്ച സംയുക്ത സമഗ്ര കര്‍മപദ്ധതി (ജെസിപിഒഎ) വിഷയവും ജയശങ്കറും അമീര്‍-അബ്ദുള്ളാഹിയനും ചര്‍ച്ച ചെയ്തു.