ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കേരളവും: നിയന്ത്രിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പുതിയ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെ കേരളത്തിലും
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡിജിപിയെ ചുമതലപ്പെടുത്തി. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശ്രീരാമ സേന ഹനുമാന്‍ കീര്‍ത്തനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടിയെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ബാലാവകാശ കമ്മിഷന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളില്‍ ഉള്‍പ്പെടെയുള്ള മത ചടങ്ങുകളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവില്‍ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ അടച്ചിട്ട ഇടങ്ങളില്‍ അല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.

കര്‍ണാടകയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഉച്ചഭാഷിണികളിലൂടെ ഹനുമാന്‍ കീര്‍ത്തനവും ഭജനയും കേള്‍പ്പിച്ചത് സംഘര്‍ഷാവസ്ഥക്ക് വഴിയൊരുക്കിയിരുന്നു. ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയും മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഹനുമാന്‍ കീര്‍ത്തന പ്രതിഷേധം തുടരുമെന്നായിരുന്നുശ്രീരാമ സേന വ്യക്തമാക്കിയിരുന്നത്.

2020ല്‍ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മിഷന്‍ പറയുന്നു. അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ടായിരിക്കെ കൃത്യമായി പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിലാണ് ബാലാവകശാ കമ്മിഷന്‍ ഇടപെട്ടത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.