തൃശൂർ പൂരം കാണാൻ വ്യവസായി ബോബി ചെമ്മണൂർ എത്തിയത് വ്യത്യസ്ത ലുക്കിൽ. മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷർട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയിൽ സ്റ്റൈലിൽ കെട്ടി കയ്യിലൊരു കാലൻ കുടയുമായി ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങൾക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കിൽ പൂരപ്പറമ്പിലും പ്രദർശനശാലയിലും കാഴ്ചകൾ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്. പൂരനഗരിയിലെ സ്റ്റാളിൽനിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളിൽ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാൾ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുന്നുമുണ്ട്. ‘താടി കണ്ടാൽ വെപ്പാണെന്ന് അറിഞ്ഞൂടേ’ എന്നു പറഞ്ഞ അയാളോട് “നിങ്ങളൊരു സംഭവമാണെന്ന്” ബോബി പറയുന്നതും കേൾക്കാം.
അതിനു തൊട്ടു മുമ്പുള്ള ദിവസം വൻ ജനാവലിയ്ക്കുമുന്നിൽ നിൽക്കുന്ന ബോബിയുടെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. ആൾക്കൂട്ടത്തിനു നടുവിൽ ആർക്കും തിരിച്ചറിയാനാവാതെ നടക്കുന്നതിന്റെ ഒരു സുഖം ഒന്നറിയാനുള്ള കൗതുകം കൊണ്ടാണ് താനിങ്ങനെ ചെയ്തതെന്നും തനിക്കുപോലും തിരിച്ചറിയാത്ത രീതിയിൽ വേഷം മാറിയിട്ടും ആൾക്കാർ തന്നെ തിരിച്ചറിയുന്നുണ്ടെങ്കിൽ അത് ആൾക്കാർ തന്നെ അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടാണെന്നും അതിൽ അതിയായ ആഹ്ലാദമുണ്ടെന്നും ബോബി പ്രതികരിച്ചു.