കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനം.ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.