മസ്ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ആരാധനാലയത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ടു കോടതി നിയോഗിച്ച ഉദ്യോഗസ്ഥനും അഭിഭാഷക സംഘവും ഇന്നലെ വാരാണസിയിലെ മോസ്കിൽ പരിശോധന നടത്തി.

വാരാണസി: മസ്ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ആരാധനാലയത്തിലേക്കു പ്രവേശനം അനുവദിക്കണമെന്ന ഹർജിയുമായി ബന്ധപ്പെട്ടു കോടതി നിയോഗിച്ച ഉദ്യോഗസ്ഥനും അഭിഭാഷക സംഘവും ഇന്നലെ വാരാണസിയിലെ മോസ്കിൽ പരിശോധന നടത്തി.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജ്ഞാനവാപി മസ്ജിദിലെ സർവേയും വീഡിയോഗ്രാഫിയും ഇന്നും തുടരും. മസ്ജിദിന്‍റെ പരിസരത്തുകൂടിയാണ് ഇവിടേക്കു പ്രവേശന സൗകര്യമുള്ളത്.

മസ്ജിദിനു പിന്നിൽ സ്ഥിതി ചെയ്യുന്ന മാ ശൃംഗർ ഗൗരി ആരാധന സ്ഥലത്തേക്കു പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം അഞ്ചു സ്ത്രീകൾ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു.

മസ്ജിദിന്‍റെ പടിഞ്ഞാറൻ മതിലിന്‍റെ പിൻഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ആരാധനാ സ്ഥലത്തേക്കു വർഷം മുഴുവൻ തടസമില്ലാത്ത പ്രവേശനമാണ് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ ആരാധനകൾക്കും പ്രാർഥനകൾക്കുമായി വർഷത്തിലൊരിക്കലാണ് ഇവിടേക്കു പ്രവേശനം അനുവദിക്കുന്നത്

ജുമുഅ നമസ്കാരത്തിനു ശേഷം മസ്ജിദിന്‍റെ പുറംഭാഗത്തു സംഘം പരിശോധന നടത്തി. കോടതി നിയോഗിച്ച കമ്മീഷണറും അഭിഭാഷക സംഘവും നടത്തിയ പരിശോധനയ്ക്കു കനത്ത സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. മേയ് പത്തിനകം സൈറ്റിന്‍റെ പരിശോധനയും വീഡിയോഗ്രഫിയും നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രാദേശിക കോടതി അധികാരികളോട് നിർദേശിച്ചത്.

അതേസമയം, മസ്ജിദിനുള്ളിലെ വിഡിയോ ചിത്രീകരണത്തെ എതിർക്കുമെന്നും കോടതി ഉത്തരവിൽ മോസ്കിനുള്ളിൽ ചിത്രീകരണം നടത്താൻ അനുവാദം നൽകിയിട്ടില്ലെന്നും ജ്ഞാനവാപി മസ്ജിദിന്‍റെ കമ്മിറ്റി അംഗങ്ങളും അഭിഭാഷകരും പറയുന്നു. എന്നാൽ, മസ്ജിദിൽ അടക്കം ചിത്രീകരണം നടത്താൻ അനുവാദമുണ്ടെന്നാണ് മറുപക്ഷത്തിന്‍റെ വാദം.

ആരാധനാ സ്ഥലത്തേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മീഷനെ നിയമിച്ച പ്രാദേശിക കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തു മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു

© 2024 Live Kerala News. All Rights Reserved.