മലപ്പുറം: പെരിന്തൽമണ്ണയിൽ പട്ടിക്കാട് ഭാര്യയെയും മകളെയും ഗുഡ്‌സ് ഓട്ടോയിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മരിച്ച ടി.എച്ച് മുഹമ്മദിന്റെ(52) പേരിൽ കാസർഗോഡ് പോക്‌സോ കേസ് നിലവിലുളളതായി വിവരം. മേൽപറമ്പ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ മത്സ്യവിൽപ്പനക്കാരനായ മുഹമ്മദ്, 240 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങി. 2020 നവംബർ 28നായിരുന്നു സംഭവം.
പിന്നീട്, പലപ്രാവശ്യം ഇയാൾ മൂത്ത മകളോട് അപമര്യാദയായി പെരുമാറി. ഇതിന്റെ പേരിൽ, കുടുംബവഴക്കുണ്ടായതിന് പിന്നാലെയാണ് ജാസ്‌മിൻ (37) മക്കളെയും കൂട്ടി തിരികെ വീട്ടിലെത്തിയത്. ഒരുമാസം മുൻപാണ് സംഭവം. മൂന്ന് മക്കളാണ് മുഹമ്മദ്-ജാസ്‌മിൻ ദമ്പതികൾക്ക്. ആദ്യ കുട്ടിയെ ജാസ്‌മിൻ ഗർഭം ധരിച്ച സമയത്ത്, കാസർഗോഡേക്ക് പോയ മുഹമ്മദ് അവിടെ വേറൊരു വിവാഹം കഴിച്ചു. ഈ ബന്ധം തകർന്നതോടെയാണ് വീണ്ടും തിരികെയെത്തിയത്.
ആദ്യ ഭാര്യയെ സ്‌ത്രീധന പീഡനത്തിനിരയാക്കിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ഈ ബന്ധം നിയമപരമായി വേർപെടുത്താതെയാണ് 21 വർഷം മുൻപ്, ഇയാൾ ജാസ്‌മിനെ വിവാഹം ചെയ്‌തത്. ജാസ്‌മിന്റെ വീടിനടുത്തുളള റബർ തോട്ടത്തിൽ സ്‌ഫോടകവസ്‌തുക്കൾ നിറച്ച ഗുഡ്‌സ് ഓട്ടോയുമായി മുഹമ്മദ് എത്തിയതിന് ശേഷം ജാസ്‌മിനോടും മക്കളോടും ഇവിടെയെത്താൻ ആവശ്യപ്പെട്ടു.
പലതവണ അപമര്യാദയായി പെരുമാറിയ പിതാവിനെ ഭയന്ന് , മൂത്തമകൾ ഫർഷിദ(19) സ്ഥലത്തേക്ക് പോകാത്തതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വാഹനം തീ പിടിച്ചയുടൻ ബന്ധുക്കളെത്തി ഇളയ മകൾ ഷിഫാന(5)യെ വലിച്ചു പുറത്തിറക്കി. ജാസ്മിന്റെ സഹോദരി റസീനയാണ് ഇളയ കുട്ടി ഷിഫാനയെ വലിച്ചിറക്കി ഷാൾ കൊണ്ട് തീ കെടുത്തിയത്. എന്നാൽ, കുട്ടി ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലാണ്. ജാസ്‌മിനും മകൾ ഫാത്തിമ സഫ(11)യും സംഭവ സ്ഥലത്തു തന്നെ വെന്തുമരിച്ചു.
ഡ്രൈവർ സീറ്റിലിരുന്ന മുഹമ്മദ് ലൈറ്ററെടുത്ത് കത്തിച്ചതോടെ മകൾ ഫാത്തിമ ജാസ്മിന്റെ സഹോദരി റസീനയെ ഫോണിൽ വിളിച്ച് ‘ഞങ്ങളെ കൊല്ലാൻ പോവുന്നേ’ എന്ന് നിലവിളിച്ചു. റസീന ഓടി വന്നപ്പോഴേക്കും തീയിട്ടിരുന്നു. തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് 20 മീറ്ററോളം താഴെ റബർ തോട്ടത്തിൽ ഇടിച്ചുനിന്നു.
പൊള്ളലേറ്റ മുഹമ്മദ് തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. എന്നാൽ, കഴുത്തിൽ കയർ കുടുങ്ങി ഇയാൾ മരിക്കുകയായിരുന്നു. കിണറ്റിൽ ചാടിയത് രക്ഷപ്പെടാനാവാമെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. മുക്കാൽ മണിക്കൂറോളം വാഹനം ആളിക്കത്തി. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. ജാസ്മിന്റെയും സഫയുടെയും മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞു.