കണ്ണൂർ: ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരേ കാപ്പ ചുമത്താൻ കണ്ണൂരിൽ നീക്കം. സ്ഥിരം രാഷ്ട്രീയ ക്രിമിനലുകളായവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്ക് സിറ്റി പോലീസ് കമ്മീഷ്ണറും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയും നിർദേശം നല്കി.
കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുകാരായ പ്രതികളെ കാപ്പ ചുമത്തിയിട്ടില്ലെന്നാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത്. കാപ്പ ചുമത്തിയതിനെതിരേ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഡിവൈഎഫ്ഐയും സിപിഎമ്മും പരസ്യമായി രംഗത്തു വന്നിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരേ കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പോലീസ് ശിപാർശ ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് ഡിഐജി രാഹുൽ ആർ. നായർക്ക് കൈമാറി.
കാപ്പ ചുമത്തുന്നതോടെ അർജുൻ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ സാധിക്കില്ല. സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടവരെ കാപ്പ ചുമത്തി നാടുകടത്താനാണ് പോലീസ് നീക്കം.