ബിജെപി പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടിക്ക് നീക്കം

ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. പുതിയ നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എംഎല്‍മാരും, വിരമിച്ച ഒരു ബിഷപ്പുമാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകളില്‍ അടുത്തിടെ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും പങ്കെടുത്തിട്ടുണ്ട്.

ചര്‍ച്ചയ്‌ക്കെത്തിയവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതിയ സംഘടനയുമായി പെന്തകോസ്റ്റ് വിഭാഗത്തെ സഹകരിപ്പിക്കാനാണ് നീക്കം. ഇരു ഗ്രൂപ്പുകളെയും ചേര്‍ത്തുകൊണ്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍ഡിഎ സഖ്യത്തിലെത്തിക്കാനാണ് ശ്രമം.

കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഇവയില്‍ ഒരു സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയേക്കും. സഭാ നേതൃത്വങ്ങളും , ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കായാണ് മന്ത്രി ഇന്നലെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പ്രഭാരി സിപി രാധാകൃഷ്ണനുമായി ഇന്നലെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേന്ദ്രത്തോട് വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ ഇളവ് ആവശ്യപ്പെട്ടതായാണ് വിവരം. ചാലക്കുടിയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഉള്‍പ്പടെ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. അതേസമയം പുതിയ നീക്കത്തില്‍ ചില സംഘപരിവാര്‍ സംഘടനകള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602