കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല‘: ഇന്ധന വിലവർദ്ധനവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രധാനമന്ത്രി

ഡൽഹി: ഇന്ധന വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അതിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഉയരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നികുതി കുറച്ചു. ആനുപാതികമായി ചില സംസ്ഥാനങ്ങളും നികുതി കുറച്ചു. എന്നാൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ചില സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ ഈ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ ആരെയും വിമർശിക്കുകയല്ല, പക്ഷേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രാ പ്രദേശ്, കേരള, ഝാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസഥാനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. കേന്ദ്ര സർക്കാർ മാതൃക പിന്തുടർന്ന് മൂല്യവർദ്ധിത നികുതി കുറച്ച് നിങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനം കൈക്കൊള്ളണം. പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രം നികുതി കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കുന്നത് സഹകരണം ഫെഡറലിസം ശക്തിപ്പെടുത്തും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ച നടപടിയെ തത്വത്തിൽ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.