ഡല്‍ഹി: മതഭ്രാന്തിന് ഇന്ത്യയെ തടയാനാകില്ലെന്നും മതത്തിന്റെ പേരിലുള്ള അതിക്രമങ്ങളിലൂടെ ജനങ്ങളെ അവരുടെ വിശ്വാസത്തില്‍ നിന്ന് വേര്‍പ്പെടുത്താനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സിഖ് ഗുരു തേജ് ബഹദൂര്‍ സിങിന്റെ 400-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി ചെങ്കോട്ടയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഖ് വേഷത്തിലാണ് അദ്ദേഹം പരിപാടിക്കെത്തിയത്.
ഔറംഗസേബിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ഗുരു ബഹദൂര്‍ സിങ് പാറ പോലെ നിലകൊണ്ടുവെന്നും ഗുരു ഇന്ത്യയുടെ കവചമായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തുണ്ടായിരുന്ന വന്‍ ശക്തികള്‍ അസ്തമിച്ചെന്നും കൊടുങ്കാറ്റുകള്‍ വഴി മാറിപ്പോയെന്നും ഇവയെല്ലാം അതിജീവിച്ച് ഇന്ത്യ അനശ്വരമായി മുന്നോട്ടു നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകം പ്രതീക്ഷയോടെയും പ്രത്യാശയോടെയും ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും പുതു ഇന്ത്യയുടെ പ്രഭാവലയത്തില്‍ ഗുരു ബഹദൂര്‍ സിങിന്റെ അനുഗ്രഹം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയുടെ എതിര്‍വശത്തുള്ള സിസ് ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ വെച്ച് വധിക്കപ്പെട്ട ഗുരു തേജ് ബഹാദൂറാണ് അക്കാലത്ത് അസ്തിത്വം സംരക്ഷിക്കാന്‍ ജനങ്ങളെ പ്രചോദനമായതെന്നും ഇപ്പോള്‍ നാം ഇവിടെ നില്‍ക്കുന്ന സ്വാതന്ത്ര സമരസേനാനികള്‍ കാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഖ് ഗുരുവര്യന്മാരുടെ ചിന്തകള്‍ പിന്തുടരുന്ന ഇന്ത്യ ഒരു രാജ്യത്തിനും സമൂഹത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.