‘അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിൽ മതം നോക്കി ആനുകൂല്യം നൽകാനാവില്ല‘: കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: ജഹാംഗിർപൂർ കലാപവും ഡൽഹിയിലെ അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെടുത്തി വർഗീയ- രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിൽ മതം നോക്കി ആനുകൂല്യം നൽകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങളെ രാഷ്ട്രീയവും മതവുമായി കൂട്ടിക്കുഴയ്ക്കുന്ന പ്രതിപക്ഷം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കലാപകാരികൾക്കെതിരെ സർക്കാർ അതിന്റേതായ രീതിയിൽ നടപടിയെടുക്കും. കലാപം അവസാനിപ്പിക്കുകയും കലാപകാരികളെ അമർച്ച ചെയ്യുകയും ചെയ്യുക എന്ന് പറയുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ആരെതിർത്താലും സർക്കാർ അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അനധികൃത നിർമ്മാണങ്ങൾക്കെതിരെ രാജ്യത്ത് നിലവിലുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അതിന് ബുൾഡോസർ തടഞ്ഞിട്ട് കാര്യമില്ല. കോടതി ഉത്തരവ് ലഭിച്ചാൽ ആരെതിർത്താലും ഒഴിപ്പിക്കൽ തടയാൻ സാധിക്കില്ലെന്നും മുക്താർ അബ്ബാസ് നഖ്വി കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.