അഹമ്മദാബാദ് : രാജ്യത്തെ പരമ്പരാഗത ആയുർവ്വേദ ചികിത്സയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ളവർ ഇന്ത്യയിലെത്തിയാണ് ചികിത്സ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെനിയൻ മുൻ പ്രസിഡന്റിന്റെ മകളുടെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് മോദിയുടെ പരാമർശം. ഗുജറാത്തിൽ നടന്ന ആദ്യത്തെ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഇന്നോവേഷൻ ഉച്ചകോടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെനിയൻ മുൻ പ്രസിഡന്റ് റെയ്‌ല ഒഡിങ്കയുടെ മകളുടെ കാഴ്ചശക്തി തിരിച്ചുകിട്ടിയ കഥ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റിന്റെ മകളായ റോസ്‌മേരി ഒഡിങ്ക മസ്തിഷ്‌ക അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിന്റെ ശസ്ത്രക്രിയ നടത്തിയതോടെ റോസ്‌മേരിക്ക് കാഴ്ചശക്തി നഷ്ടമായി. ലോകമെമ്പാടും ചികിത്സ തേടിയെങ്കിലും കാഴ്ച തിരിച്ച് കിട്ടിയില്ല. തുടർന്ന് ഇന്ത്യയിലെത്തി ആയുർവ്വേദ ചികിത്സ നടത്തിയതോടെയാണ് കാഴ്ചശക്തി തിരികെ ലഭിച്ചത്.
എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവ്വേദ കണ്ണാശുപത്രിയിലാണ് കെനിയൻ മുൻ പ്രസിഡന്റിന്റെ മകളെ ചികിത്സിച്ചത്. ഇത് കുടുംബത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയെന്നും വളരെ നന്ദിയുണ്ടെന്നും റെയ്‌ല ഒഡിങ്ക പറഞ്ഞിരുന്നു. ചികിത്സയ്‌ക്ക് ശേഷം തിരികെ കെനിയയിലേക്ക് പോകുന്നതിന് മുൻപാണ് അദ്ദേഹം മോദിയുമായ കൂടിക്കാഴ്ച നടത്തിയത്. ആയുർവ്വേദത്തിന്റെ ഗുണം ലോകമെമ്പാടും എത്തിക്കണമെന്ന് അദ്ദേഹം മോദിയോട് അന്ന് ആവശ്യപ്പെട്ടിരുന്നു.