‘നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ശക്തമായ രാജ്യമായി മാറി, ഉപദ്രവിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല’; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

വാഷിങ്‌ടണ്‍ : ചൈനയ്‌ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഉപദ്രവിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല. ഇന്ത്യന്‍ സൈനികര്‍ എന്തൊക്കെ ചെയ്‌തെന്നും കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനങ്ങള്‍ എടുത്തതെന്നും തനിക്ക് തുറന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം അമേരിക്കയില്‍ പറഞ്ഞു.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യന്‍ സൈനികര്‍ കാണിക്കുന്ന വീര്യത്തെക്കുറിച്ചും പ്രതിരോധ മന്ത്രി എടുത്തുപറഞ്ഞു. പക്ഷേ, ഇന്ത്യയെ ഉപദ്രവിച്ചാല്‍ രാജ്യം ആരെയും വെറുതെവിടില്ല എന്ന സന്ദേശം ചൈനയോട് തുറന്നടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ശക്തമായ രാജ്യമായി ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്‌ടണ്‍ ഡി.സിയില്‍ നടക്കുന്ന ഇന്ത്യ യു.എസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രതിരോധ മന്ത്രി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി രാജ്യം മാറി. ഇന്ത്യയ്‌ക്ക് നഷ്‌ടം സംഭവിക്കുന്ന നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ല. ഒരു രാജ്യവുമായുള്ള ബന്ധം ആ രാജ്യത്തിന്‍റെ ചെലവില്‍ ആയിരിക്കില്ല.

ഇന്‍ഡോ പാകോം (IndoPACOM) ആസ്ഥാനത്തെ ചര്‍ച്ചകള്‍ക്കായി അദ്ദേഹം ഹവായിലേക്കും തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്കോയിലേക്കും പോവുകയുണ്ടായി. 2020 മെയ് അഞ്ചിന് പാംഗോങ് തടാക പ്രദേശത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ഇന്ത്യയും ചൈനയും തമ്മിലെ ബന്ധം വഷളാക്കിയത്. 2020 ജൂണ്‍ 15 ന് ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടല്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെടാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.