പ്രധാനമന്ത്രിയുടെ ബദരിനാഥ്-കേദാർനാഥ് യാത്ര ഉടൻ; ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തും. ക്ഷേത്രങ്ങൾ തുറന്ന ശേഷം അടുത്ത മാസമാകും മോദിയുടെ സന്ദർശനം. ഇതിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചതായി ക്ഷേത്രഭാരവാഹികൾ പറയുന്നു.

ശൈത്യകാലത്ത് ക്ഷേത്രങ്ങൾ ആറ് മാസം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ വർഷത്തെ ചാർധാം യാത്ര മെയ് 3 നാണ് ആരംഭിക്കുക. ഗംഗോത്രി യമുനോത്രി ക്ഷേത്രങ്ങളുടെ നടയും അന്ന് തുറക്കും. കേദാർനാഥ് ബദരിനാഥ് ക്ഷേത്രങ്ങൾ മെയ് 6, മെയ് 8 എന്നീ തീയതികളിലാണ് തുറക്കുക. ഇതിന് ശേഷമാകും പ്രധാനമന്ത്രി സന്ദർശനം നടത്തുക.

പ്രധാനമന്ത്രിയുടെ തീർത്ഥാടനത്തിന് മുന്നോടിയായി ചമോലി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സന്ദർശനത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ വേണ്ടിയാണ് യോഗം. പ്രതികൂല കാലാവസ്ഥയോ സമാനമായ പ്രശ്‌നങ്ങളോ ഉണ്ടായാൽ ഗൗച്ചറിൽ ഹെലികോപ്റ്റർ ലാൻഡിംഗിന് സംവിധാനമൊരുക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഗൗച്ചറിലെ സുരക്ഷാ നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.