ലഖ്നൗ: ഗോരഖ്പുർ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ ബോംബെ ഐഐടി വിദ്യാർത്ഥി അഹമ്മദ് മുർത്താസ അബ്ബാസിയുടെ ഭീകര ബന്ധം പുറത്ത്. ഇയാൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതായും ഉത്തർ പ്രദേശ് പൊലീസും ഭീകരവിരുദ്ധ സേനയും സ്ഥിരീകരിച്ചു. ഇയാൾ നിലവിൽ ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയിലാണ്.
അബ്ബാസി 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് തീവ്രവാദത്തിന്റെ പാതയിലേക്ക് തിരിഞ്ഞത്. 2017-2018 കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന്റെ ഭാഗമായി നിരവധി തവണ ഇയാൾ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവ പരാജയപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ ചില മലയാളികളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അവർ വഴി സിറിയയിലേക്ക് കടക്കാനും ഇയാൾ പദ്ധതി ഇട്ടിരുന്നതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കി.
എൻ ഐ എ സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 16 പേരുടെ കൂട്ടത്തിൽ മുർതാസയുടെ പേരും ഉള്ളതായി ഭീകരവിരുദ്ധ സേന സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശഹീദ് ആകാനുള്ള ആഗ്രഹമാണ് ക്ഷേത്രത്തിലെ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഇയാൾ നടത്തിയ ആക്രമണത്തിൽ രണ്ട് സുരക്ഷാ സൈനികർക്ക് പരിക്കേറ്റിരുന്നു.
അഹമ്മദ് മുർത്താസ അബ്ബാസി ബോംബെ ഐഐടി ബിരുദധാരിയാണെന്നും ഇയാൾ തീവ്ര ഇസ്ലാമികവാദിയാണെന്നും ഉത്തർ പ്രദേശ് പൊലീസ് വിശദീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഇയാൾ ഓൺലൈനിലൂടെ സ്ഥിരമായി വായിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അവയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ.
അതേസമയം ഇയാളെ മാനസിക രോഗിയായി ചിത്രീകരിച്ച് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഐഐടിയിൽ നിന്ന് ആദ്യ ശ്രമത്തിൽ തന്നെ എല്ലാ പരീക്ഷകളും വിജയിച്ച മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മുർതാസ എന്ന രേഖകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു. സാമ്പത്തികമായും സാമൂഹികമായും മികച്ച ജീവിത നിലവാരം പുലർത്തുന്ന കുടുംബത്തിലെ അംഗമാണ് മുർത്താസ. ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്ട്വെയർ വിദഗ്ധനായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ വെച്ച് ഒരു മൊബൈൽ ആപ്പ് പോലും ഇയാൾ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അഹമ്മദ് മുർത്താസ അബ്ബാസി മതവിശ്വാസം കൂടുതൽ ഉള്ള ആളായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മതപരമായ എല്ലാ അനുഷ്ഠാനങ്ങളിലും കൃത്യമായി പങ്കെടുത്തിരുന്ന ഇയാൾ ആത്മീയ പ്രഭാഷണം കേൾക്കുന്നതിനായി മിക്ക ദിവസങ്ങളിലും കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നുവെന്നും മദ്രസയിലെ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്നുവെന്നുമുള്ള മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഗൊരഖ്പുർ ക്ഷേത്രത്തോട് ബന്ധപ്പെട്ടുള്ള ഗൊരഖ്നാഥ് മഠത്തിന്റെ മഠാധിപതി എന്നതും ഇയാൾ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന്റെ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.