ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ് നിരോധനം. യൂട്യൂബ് ചാനലുകൾക്ക് പുറമെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ആകെ 260 കോടി പേർ കണ്ട യൂട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടുവെന്നും ദേശസുരക്ഷയ്ക്ക് ഭീഷണിയായ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ മോശമായി വ്യാഖ്യാനിക്കുന്നവയായിരുന്നു ഇവയുടെ ഉള്ളടക്കങ്ങളെന്നും ഇവ പൊതുനിയമ വ്യവസ്ഥയെ അലോസരപ്പെടുത്തുന്നതാണെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.