ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടി. പ്രത്യേക പിഎംഎൽഎ കോടതിയാണ് നവാബ് മാലിക്കിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഏപ്രിൽ 18 വരെ മാലിക് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്ന് കോടതി അറിയിച്ചു.

നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിലാണ് നവാബ് മാലിക്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് കോടതി കാലാവധി നീട്ടികൊണ്ട് ഉത്തരവിറക്കിയത്. ഫെബ്രുവരി 23നാണ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ദാവൂദിന്റെ കൂട്ടാളികളുമായി മാലിക്കിന് അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും അദ്ദേഹത്തിന്റെ ചുമതലകൾ താൽക്കാലികമായി മറ്റ് വ്യക്തികൾക്ക് വീതിച്ച് നൽകുമെന്നും എൻസിപി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.