പ്രതിരോധം ശക്തമാക്കാൻ ഇന്ത്യൻ സേന; ഇന്ത്യൻ നിർമ്മിത 500 കിലോ ജിപി ബോംബ് ഇനി വ്യോമ സേനയ്‌ക്ക് സ്വന്തം

ഭോപ്പാൽ : ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കാൻ നിർണായക നീക്കങ്ങൾ. രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ച 500 കിലോ ജിപി ബോംബ് വ്യോമസേനയ്‌ക്ക് കൈമാറി. മദ്ധ്യപ്രദേശിലെ ജബൽപൂരിലുള്ള ഓർഡനൻസ് ഫാക്ടറി കമരിയ എന്ന പ്രതിരോധ ആയുധ നിർമ്മാണ യൂണിറ്റിൽ നിമ്മിച്ച ബോംബാണ് വ്യോമസേനയ്‌ക്ക് നൽകിയത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ബോംബ് എന്ന സവിശേഷത കൂടി ഇതിനുണ്ട്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിപി ബോംബ് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കുമെന്ന് ഫാക്ടറിയുടെ ജനറൽ മാനേജർ എസ്‌കെ സിൻഹ ഉറപ്പ് നൽകി. നിരവധി പ്രതിരോധ സ്ഥാപനങ്ങളിലെ വിദഗ്ധർ ചേർന്നാണ് അത്യാധുനിക സാങ്കേതിക വിദ്യകളോട് കൂടിയ ബോംബ് വികസിപ്പിച്ചെടുത്തത്. ബോംബിന്റെ ആദ്യ കൺസൈൻമെന്റ് വ്യോമ സേനയ്‌ക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

1943 ൽ സ്ഥാപിതമായ ഫാക്ടറി മികച്ച ബോംബ് നിർമ്മാണ യൂണിറ്റുകളിൽ ഒന്നാണ്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് യുദ്ധത്തിലേർപ്പെട്ട രാജ്യങ്ങൾക്ക് ഫാക്ടറി ബോംബ് വിതരണം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, 1962 ലെ ചൈനീസ് യുദ്ധത്തിലും 1965 ലും 1971ലും നടന്ന പാക്കിസ്താൻ യുദ്ധത്തിലും സായുധ സേനയ്‌ക്ക് വ്യത്യസ്ത തരം വെടിമരുന്ന് ഉൾപ്പെടെ വിതരണം ചെയ്യുന്നതിൽ ഫാക്ടറി നിർണായക പങ്ക് വഹിച്ചു.

© 2024 Live Kerala News. All Rights Reserved.