ടിപ്പുവിന്റെ ‘മൈസൂര്‍ കടുവ വിശേഷണം’ നീക്കിയേക്കും : പാഠപുസ്തകം പരിഷ്‌കരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു : ടിപ്പു സുല്‍ത്താനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ നീക്കി പാഠപുസ്‌കം പരിഷ്‌കരിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പുതിയ നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന വാദത്തിലാണ് സര്‍ക്കാര്‍.

എന്തെങ്കിലും തെളിവുണ്ടെങ്കില്‍ മാത്രം ‘മൈസൂര്‍ സുല്‍ത്താന്‍’ എന്ന വിശേഷണം ടിപ്പുവിന് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സാങ്കല്പികമായുള്ള എല്ലാ കഥകളുമൊഴിവാക്കി യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചിരിക്കുന്നത്.

ടിപ്പു സുല്‍ത്താനെ പൂര്‍ണമായും പാഠഭാഗങ്ങളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല. എന്നാല്‍ ടിപ്പുവിനെ കുറിച്ച് ഭാവനയുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചിരിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും. കുട്ടികള്‍ യഥാര്‍ഥ ചരിത്രമാണ് പഠിക്കേണ്ടത്. അതിനാല്‍ തന്നെ ടിപ്പുവിനെ മഹത്വവത്കരിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കും. എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ മാത്രം മൈസൂര്‍ സുല്‍ത്താന്‍ എന്ന വിശേഷണവും നിലനിര്‍ത്തും.” നാഗേഷ് പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭരണത്തിലേറിയ 2019ല്‍ തന്നെ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം സംസ്ഥാനത്ത് നിര്‍ത്തലാക്കിയിരുന്നു. ഇത് കൂടാതെ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.