ഇടുക്കി: മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതും ഒരാളുടെ ജീവനെടുത്തതും തട്ടുകടയിലുണ്ടായ തര്‍ക്കം. വെടിയുതിര്‍ത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു.
‘രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കടയിലെത്തുന്നത്. എന്നാല്‍ ഇത് തീര്‍ന്നെന്ന് അറിയിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇത് കടയില്‍ പാഴ്സല്‍ വാങ്ങാനെത്തിയ യുവാക്കള്‍ ചോദ്യംചെയ്തു. മാര്‍ട്ടിന്‍ പിന്നാലെ വീട്ടില്‍ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ പറഞ്ഞു.
കീരിത്തോട് സ്വദേശി സനൽ സാബു ആണ് അക്രമത്തില്‍ വെടിയേറ്റ് മരിച്ചത്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയിൽ ഐസിയുവിലാണ്.
ഇയാളുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. പ്രദീപ് വെന്റിലേറ്ററിൽ ഐസിയുവിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു.
നാടൻ തോക്കിൽ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. കൂടുതൽ വെടിയുണ്ടകൾ ഉണ്ടോയെന്ന് പരിശേോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.