തൃശൂർ : ചേർപ്പ് മുത്തുള്ളിയാലിൽ അനിയൻ ചേട്ടനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടത്തിൽ ബാബുവിൻ്റെ ശ്വാസകോശത്തിൽ മണ്ണിൻ്റെ അംശം കണ്ടെത്തി. ജീവനോടെ കുഴിച്ചുമൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിൻ്റെ സാന്നിധ്യം ഉണ്ടാകൂ. ഇതോടെ ജീവനോടെയാണ് ബാബുവിനെ സഹോദരൻ സാബു കുഴിച്ചുമൂടിയതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. ബാബുവിൻ്റെ തലയ്ക്കും മുറിവേറ്റിട്ടുണ്ട്. മരിച്ചെന്നു കരുതി ബാബുവിനെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ കല്ലിലോ മറ്റോ തല തട്ടിയതോടെ ഉണ്ടായ മുറിവാണിതെന്നാണ് പോലീസ് കരുതുന്നത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷമാണ് സഹോദരൻ്റെ മൃതദേഹം കുഴച്ചുമൂടിയതെന്നായിരുന്നു പ്രതി സാബുവിൻ്റെ മൊഴി. എന്നാൽ കഴുത്തുഞെരിച്ചതോടെ ബാബു അബോധാവസ്ഥയിലാകുകയും മരിച്ചെന്നു കരുതി കുഴിച്ചുമൂടുകയുമായിരുന്നുവെന്ന നിഗമനത്തിലേക്കാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിരൽചൂണ്ടുന്നത്.